ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുംബൈയിൽ വൻ പ്രതിഷേധ പ്രകടനം. മുംബൈയിലെ ദാദർ ശിവാജി പാർക്കിൽ ആയിരക്കണക്കിന് പ്രവർത്തകർ ഒത്തുകൂടി. ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് 'തിരംഗ മോർച്ച' സംഘടിപ്പിച്ചത്. ദേശീയ പതാകകളും പ്ലക്കാർഡുകളും കയ്യിലേന്തിയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തത്.
സർക്കാരിന്റെ കയ്യിൽ ലാത്തികളുണ്ടെങ്കിലും തങ്ങളുടെ കയ്യിൽ ദേശീയ പതാകയുണ്ടെന്നും, ആരാണ് വിജയിക്കുന്നതെന്ന് നോക്കാമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മുംബൈയിലും പ്രതിഷേധം സംഘടിപ്പിച്ചത്.
കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുമായി സംസാരിച്ചതായും, ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നത് വരെ മഹാരാഷ്ട്രയിലേക്ക് മടങ്ങിവരേണ്ടതില്ലെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും ആദിത്യ താക്കറെ പറഞ്ഞു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് അമിത് താക്കറെ, നടൻ ആര്യ ബബ്ബർ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഡൽഹിയിലും മുംബൈയിലും വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് നടപടികൾക്കെതിരെയും യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു.